പോപ്പുലർ ഫിനാൻസ് കേസ്: സിബിഐ അന്വേഷണം വേണമെന്ന് സർക്കാർ
പോപ്പുലർ ഫിനാൻസ് കേസിൽ സംസ്ഥാനത്ത് ഇത് വരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്വത്തുക്കൾ പ്രധാനമായും ഓസ്ട്രേലിയയിൽ ആണെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്.
അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാക്കുകയാണെന്നും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും സിബിഐ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു.
ചില പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിക്കുന്നെന്ന് ഹർജിക്കാർ കോടതിയിൽ പരാതിപ്പെട്ടു. ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞപ്പോൾ കോടതിയലക്ഷ്യം കാണിച്ചാൽ പൊലീസുകാരെ വിളിച്ചുവരുത്തുമെന്ന് കോടതി മറുപടി നൽകി. ഉത്തരവ് ലംഘിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. അങ്ങനെ സംഭവിക്കില്ല എന്ന് സ്റ്റേറ്റ് അറ്റോർണി ഉറപ്പ് നൽകി. ഇത് കോടതി രേഖപ്പെടുത്തി