സംസ്ഥാനത്തെ സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് ഈ നീക്കം. അന്തിമ തീരുമാനം ഈ മാസം 17 മുതൽ 20 വരെ നീളുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടാവും. (cpim meeting not postponing)
സിപിഐഎം സംസ്ഥാന സമ്മേളനം അടുത്ത മാസം 1 മുതൽ 4 വരെ കൊച്ചിയിൽ വച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ അത് മാറ്റിവെക്കേണ്ടി വരുമോ എന്ന് സംശയമുണ്ടായിരുന്നു. ചില ജില്ലാ സമ്മേളനങ്ങൾ വെട്ടിക്കുറച്ചു. ആലപ്പുഴ സമ്മേളനം ഇതുവരെ നടന്നിട്ടില്ല. ഫെബ്രുവരി 15 വരെ കൊവിഡ് രൂക്ഷമായി തുടരുമെന്നും പിന്നീട് കുറയുമെന്നുമായിരുന്നു നേരത്തെ വിദഗ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. ഇങ്ങനെയാണെങ്കിൽ സമ്മേളനങ്ങൾ മാറ്റിവെക്കേണ്ടിവരുമായിരുന്നു.
എന്നാൽ, ഇപ്പോൾ തന്നെ കൊവിഡ് വ്യാപനം ഉയർന്ന അളവിലേക്ക് എത്തി തിരിച്ചിറങ്ങുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ദിനംപ്രതി കൊവിഡ് വ്യാപനം കുറയുകയാണെന്നും അതുകൊണ്ട് തന്നെ ഇനി സമ്മേളനങ്ങൾ നടത്തുന്നതിനു തടസമുണ്ടാവില്ലെന്നും സിപിഐഎം കണക്കുകൂട്ടുന്നു. ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ അനുസരിച്ചാവും തീരുമാനം.
ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് കൊവിഡ് അവലോകന യോഗം നടക്കുക. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏത് തരത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും.