അഞ്ചരക്കണ്ടി : ജലവിഭവവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ അനധികൃത കെട്ടിടനിര്‍മാണം. അഞ്ചരക്കണ്ടി ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. വേങ്ങാട് കൃഷിഭവന്റെ കീഴിലായി ഇക്കോ യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ഇതിന്റെ മറവിലാണ് അനധികൃതകെട്ടിടം ഉയര്‍ന്നത്.
നേരത്തേ വേങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാക്സിസ്റ്റാന്‍ഡ് ഇവിടെ നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും ജലവിഭവവകുപ്പിന്റെ വിലക്കിനെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇവിടെയാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടം നിര്‍മിച്ചതിനുശേഷമാണ് തങ്ങളുടെ അറിവില്‍ ഈ കാര്യം വരുന്നതെന്നും അറിഞ്ഞയുടന്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ടെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.