തുമ്ബൂര്‍: നെഞ്ചിനു താഴെ തളര്‍ന്ന പ്രണവിനു(28) തുണയായി ഇനി ഷഹാന(19)യുണ്ട്. ആളൂര്‍ കണ്ണിക്കര സ്വദേശി മണപ്പറമ്ബില്‍ സുരേഷ്ബാബു, സുനിത ദമ്ബതിമാരുടെ മകന്‍ പ്രണവിന്റെ ജീവിതത്തിലേക്കാണ് തിരുവനന്തപുരം സ്വദേശി ഷഹാന എത്തിയത്.
തളര്‍ന്നു കിടപ്പിലായ പ്രണവിനെ ഫേസ് ബുക്കിലൂടെ പ്രചരിച്ച വീഡിയോകള്‍ കണ്ടാണ് ഷഹാന ഇഷ്ടപ്പെട്ടത്. ഇഷ്ടം വീട്ടില്‍ പറഞ്ഞെങ്കിലും സമ്മതം ലഭിച്ചില്ല. തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ബസ്‌കയറി ഷഹാന ചാലക്കുടിയില്‍ എത്തുകയായിരുന്നു.
പ്രണവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വീട്ടുകാരും പ്രണവും കുട്ടിയെ ബോധ്യപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഷഹാന മടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ ആലാ ശങ്കരനാരായണ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയുമായിരുന്നു.
വിവാഹത്തിന് പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അച്ഛന്‍ വിദേശത്തായതിനാല്‍ പങ്കടുക്കാന്‍ കഴിഞ്ഞില്ല.
ആറു വര്‍ഷം മുമ്ബ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. പിന്നീട് പ്രണവിന്റെ സുഹൃത്തായ ബിനോയ് മുണ്ടക്കലാണ് പ്രണവിന്റെ ആവശ്യങ്ങള്‍ക്കെല്ലാം കൂടെയുണ്ടായിരുന്നത്. ശരീരം തളര്‍ന്നെങ്കിലും മനസ്സ് തളര്‍ത്താന്‍ തയ്യാറാകാത്ത പ്രണവ് പിന്നീട് വീല്‍ച്ചെയറില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്നേഹമുള്ള കൂട്ടുകാര്‍ പ്രണവിന്റെ ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റിക്കൊടുത്തിരുന്നു. നാട്ടിലെ ഒരാഘോഷവും മുടക്കാതെ പ്രണവിനെയും കൊണ്ടുപോയിരുന്നു. അമ്ബലങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രണവിന്റെ വീഡിയോകള്‍ വലിയ പ്രചാരം നേടിയിരുന്നു.
ഇത്തരത്തില്‍ വീഡിയോ കണ്ടാണ് ഷഹാന പ്രണവിനെ പരിചയപ്പെടുന്നത്. ആറു മാസമായുള്ള പ്രണയത്തിനൊടുവിലാണ് ഷഹാന പ്രണവിനെ തേടിയെത്തിയത്.