വില 700 രൂപ മാത്രം; ഒറ്റ ദിവസത്തെ ടൂർ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

0 7,223

ടൂർ പാക്കേജെന്നാൽ പതിനായിരങ്ങൾ മുടക്കേണ്ടി വരുമെന്ന ചിന്തയാണോ മനസിൽ ? എങ്കിൽ വെറും 700 രൂപ മാത്രം നൽകി പത്തനംതിട്ടയിൽ നിന്നൊരു അടിപൊളി ടൂർ പാക്കേജ് ഒരുക്കുകയാണ് കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. അടുത്തയാഴ്ചയാണ് സർവീസ് ആരംഭിക്കുന്നത്

36 സീറ്റുള്ള ഓർഡിനറി ബസിലാകും യാത്ര. രാവിലെ ആറിന് പുറപ്പെടുന്ന ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും.

വനമേഖലിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് അടക്കം 700 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. യാത്രക്കാർ ആവശ്യപ്പെടുന്ന പോയിന്റിൽ ബസ് നിർത്തി കാഴ്ചകൾ കാണാൻ അവസരം നൽകും.

വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയാകും മടക്കയാത്ര. ദൂരസ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെഎസ്ആർടിസി ടെർമിനലിൽ തന്നെ താമസമൊരുക്കാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.