ചാൾസ് രാജകുമാരന്റെ പഴയ വീട് വില്പനയ്ക്ക്; പക്ഷെ വീട് വാങ്ങുന്നവർ ഈ വ്യവസ്ഥ പാലിക്കണം

0 706

മഹാന്മാരുടെയും പ്രമുഖരുടെയും വസ്തുക്കൾ വൻ വിലയ്ക്കാണ് വിറ്റുപോകാറുള്ളത്. അമൂല്യമായ വസ്തുക്കൾ എന്ത് വില കൊടുത്തും വാങ്ങാൻ തയ്യാറായ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ വിൽക്കാൻ വെച്ച ഒരു വസ്തുവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അൽപ്പം രാജകീയ ചരിത്രമുള്ള വീടാണ് വസ്തു. അങ്ങനെയൊരു വീടാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ആരും കൂടുതൽ തിരഞ്ഞ് നടക്കേണ്ട. തെക്കൻ ഇംഗ്ലണ്ടിലെ ഡാർട്ട്മൂർ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ചാൾസ് രാജകുമാരൻ്റെ മുൻ ഭവനങ്ങളിലൊന്നായ “ബ്രിംപ്‌റ്റ്‌സ് മീഡ്” ആണ് വിപണിയിൽ വില്പനയ്ക്ക് എത്തിയത്.

മൂന്ന് പതിറ്റാണ്ടു മുമ്പ് വരെ ഒമ്പത് ഏക്കറിലുള്ള ഈ വീടിൻ്റെ ഉടമസ്ഥാവകാശം ചാൾസ് രാജകുമാരന് ആയിരുന്നു. ഇപ്പോൾ ഈ വീടിനു മേൽ രാജകുമാരന് അവകാശമൊന്നും ഇല്ലെങ്കിലും വീട് വാങ്ങിയവരും വാങ്ങാൻ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു നിബന്ധനയുണ്ട്. ചാൾസ് രാജകുമാരന് മീൻപിടിക്കാൻ തോന്നുമ്പോൾ എസ്റ്റേറ്റിൽ എത്തുന്നതിന് പുതിയ ഉടമസ്ഥർ ആരും തന്നെ തടസ്സം നിൽക്കാൻ പാടില്ല. ഈ വ്യവസ്ഥയ്ക്ക് തയ്യാറാണെങ്കിൽ മാത്രമേ വീട് നല്കുകയുള്ളൂ.

1994 കൈമാറ്റം ചെയ്യപ്പെട്ടതാണ് ഈ വീട്. അന്നും ഇങ്ങനെയൊരു നിബന്ധനയിലാണ് വീട് കൈമാറ്റം ചെയ്തത്. 6.7 മില്യൺ ഡോളറിനാണ് വീടിന് നിശ്ചയിച്ചിരിക്കുന്ന വില. അതായത് ഇന്ത്യൻ റുപ്പി 49 കോടി രൂപ. 1893 നും 1906 നും ഇടയിൽ നിർമ്മിച്ച ഈ എസ്റ്റേറ്റിൽ ഒരു വീട്, രണ്ട് കോട്ടേജുകൾ, കുതിരപ്പുരകൾ, വനപ്രദേശം, ഡാർട്ട് നദിയുടെ തീരം എന്നിവ ഉൾപ്പെടുന്നു. ഒൻമ്പത് ഏക്കർ വിസ്‌തീർണമുള്ള എസ്റ്റേറ്റിൽ നദി തീരത്തോട് ചേർന്നാണ് ഈ മാളിക പണികഴിപ്പിച്ചിരിക്കുന്നത്.
ഈ നിബന്ധന ബുദ്ധിമുട്ടാകുമെന്ന് ഓർത്ത് വീട് വാങ്ങാതിരിക്കേണ്ട. കാരണം രാജകുമാരന്റെ മീൻ പിടിക്കാൻ വരുന്നതിന് 24 മണിക്കൂർ മുൻപായി ആ വിവരം ഉടമസ്ഥരെ അറിയിക്കുമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാത്രവുമല്ല പ്രതീക്ഷയ്ക്ക് വേറെയും വകയുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു തവണ പോലും ചാൾസ് രാജാകുമാരൻ ഇവിടെ മീൻ പിടിക്കാൻ എത്തിയിട്ടില്ല.