അനുവദിച്ചതിനും കൂടുതല്‍ യാത്രക്കാര്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു

0 1,059

അനുവദിച്ചതിനും കൂടുതല്‍ യാത്രക്കാര്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു

 

തൊടുപുഴ: നഗരത്തിലും പരിസര പ്രദേശത്തുമായി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ അധികവും അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റുന്നതായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വ്യാപക പരാതി. ബസുകള്‍ ടൗണിലേക്ക് എത്തുമ്ബോള്‍ പോലും എല്ലാ സീറ്റുകളിലും നിറച്ച്‌ ആളുകളും നിന്നും യാത്ര ചെയ്യുന്ന സ്ഥിതിയാണുള്ളത്.

 

നിലവിലെ ഉത്തരവ് പ്രകാരം ഒരു സീറ്റില്‍ ഒരാള്‍ക്കാണ് യാത്രാ അനുമതിയുള്ളത്. നിന്ന് യാത്ര പാടില്ല, മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസര്‍ വേണം. എന്നാല്‍ മിക്ക ബസുകളിലും ഇവയൊന്നും പാലിക്കുന്നില്ല. സാമൂഹിക അകലവും ഈ ബസുകള്‍ക്കും അന്യമാണ്. തങ്ങള്‍ നഷ്ടത്തിലാണ് സര്‍വ്വീസ് നടത്തുന്നതെന്ന് പറഞ്ഞ് ഇരട്ടിയോളം ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചപ്പോഴും പരമാവധി ആളുകളെ കയറ്റി സര്‍വ്വീസ് നടത്താനാണ് ജീവനക്കാര്‍ തയ്യാറാകുന്നത്.

അതേസമയം ചെറിയ ദൂരങ്ങളിലേക്ക് കയറുന്നവരെ ബസ് ജീവനക്കാര്‍ ഇറക്കി വിടുന്നതും പതിവാണ്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ അധികവും വഴിയാധാരമാകുന്നത്. പിന്നീട് ഏറെ പണിപ്പെട്ടാണ് പലരും വീടണയുന്നത്. ബസുകളില്‍ കോവിഡ് മാനദണ്ഡപ്രകാരം സീറ്റ് കാലിയുണ്ടായിട്ടും ജീവനക്കാര്‍ അപമാനിച്ച്‌ ഇറക്കി വിട്ടതായി ഒരു വീട്ടമ്മ പരാതി പറയുന്നു.

 

വണ്ണപ്പുറം, വെള്ളിയാമറ്റം മേഖലയില്‍ നിന്ന് വരുന്ന ബസുകളാണ് ഇത്തരത്തില്‍ കൂടുതലായും ആളുകളെ കയറ്റുന്നത്. സംഭവം പരിശോധിച്ച്‌ വേണ്ട നടപടി എടുക്കുമെന്ന് തൊടുപുഴ എസ്‌ഐ പറഞ്ഞു. പോലീസിന്റെ പരിശോധന കുറഞ്ഞതോടെ നഗരത്തില്‍ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അമ്ബാടെ പാളിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം പോലും വേണ്ടത്ര ഇടപെടല്‍ നടത്താന്‍ തയ്യാറാകുന്നില്ല.