ഗൂഢാലോചനാ കേസ്: ദിലീപടക്കമുള്ള പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ

0 312

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും കോടതിയെ അറിയിക്കും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അല്പ സമയത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്. മുദ്രവച്ച കവറിലാവും റിപ്പോർട്ട് സമർപ്പിക്കുക. (dileep prosecution high court)

ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഇതിനു തയ്യാറായിരുന്നില്ല.

ദിലീപടക്കം ആറ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ദിലീപ് ഉൾപ്പെട്ട പ്രതികളുടെ അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ചോദ്യം ചെയ്യൽ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ നൽകും.

കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി 3 ദിവസം ദിലീപ്, സഹോദരൻ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇന്ന് ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.