സുഭിക്ഷ കേരളം – നെൽകൃഷിയടക്കം വൈവിധ്യ വൽക്കരണവുമായി ആറളം ഫാം

0 2,407

സുഭിക്ഷ കേരളം – നെൽകൃഷിയടക്കം വൈവിധ്യ വൽക്കരണവുമായി ആറളം ഫാം

ഇരിട്ടി: വിവിധ തരാം കൃഷിയുമായി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ഒപ്പം ചേർന്ന് ആറളം ഫാമും. ആദ്യ ഘട്ടമെന്ന നിലയിൽ ഇഞ്ചി, മഞ്ഞൾ, നെൽ എന്നിവയുടെ വിത്തിറക്കിയാണ് ഫാം നിലനില്പ്പിനായുള്ള പോരാട്ടത്തിൽ വൈവിദ്ധ്യ വത്ക്കരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. കോറോണ കാലം നല്കിയ പാഠങ്ങളും ഭക്ഷ്യ സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയും പുതിയ കൃഷി രീതികൾ അവലംബിക്കാൻ കാരണമായതായി ഫാം അധികൃതർ പറഞ്ഞു. നാണ്യ വിളകളുടേയും നീടീൽ വസ്തുക്കളുടേയും കേന്ദ്രമാണ് ഫാം. ലോകത്തിലെമികച്ചയിനം കശുവണ്ടിയുടെ കേന്ദ്രം എന്നതിനൊപ്പം നാളികേരവും റബറുമായിരുന്നു ഫാമിന്റെ നട്ടെല്ല്. സംസ്ഥാനത്തെ മികച്ച നടീൽ വസ്തുക്കളുടെ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. കുരങ്ങിന്റെയും കാട്ടാനകളുടേയും ശല്യം കാരണം നാണ്യ വിളകളിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് വൈവിദ്ധ്യ വത്ക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും അതോടൊപ്പം ഫാമിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് തൊഴിലും കൂലിയും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചത്. ഏക്കർ കണക്കിന് സ്ഥലം ഫാമിൽ തരിശായും കാടു മൂടിയും കിടപ്പുണ്ട്. കുരങ്ങിന്റെയും ആനയുൾപ്പെടെ മറ്റ് വന്യമൃഗങ്ങളുടേയും ശല്യം അധികം ഉണ്ടാകാത്ത കാർഷിക വിളകളാണ് സുഭിഷ കേരളം പദ്ധതി പ്രകാരം ഫാമിൽ കൃഷിചെയ്യുന്നത്.
ആദ്യഘട്ടത്തിൽ അഞ്ച് ഏക്കറിൽ ഇഞ്ചിയും മഞ്ഞളും രണ്ട് ഏക്കറിൽ നെല്ലുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ആദിവാസി പുനരധിവാസ മേഖലയിൽ ഇഞ്ചിയും മഞ്ഞളും കൃഷിയിറക്കി മികച്ച വിള ലഭിച്ചതും ഫാമിന് പ്രചോദനമായിരിക്കുകയാണ്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തിടൽ കർമ്മം ഫാം മാനേജിംങ്ങ് ഡയറക്ടർ ബിമൽ ഘോഷും മുതിർന്ന തൊഴിലാളികളും ചേർന്ന് നിർവ്വഹിച്ചു. മുതിർന്ന തൊഴിലാളികളായ സുശീല സോമൻ, മേരി, പവിത്രൻ, ജോർജ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഫാം സൂപ്രണ്ട് മോഹൻദാസ് , മാർക്കറ്റിംങ്ങ് ഓഫീസർ ശ്രീകുമാർ , പ്രസന്നൻ നായർ, ആന്റണി ജേക്കബ് എന്നിവരും തൊഴിലാളി നേതാക്കളും പങ്കെടുത്തു.
ഫാമിലെ എട്ടാം ബ്ലോക്കിലാണ് കരനെൽകൃഷി നടപ്പിലാക്കുന്നത് . ഇതിന്റെ ഭാഗമായി നടന്ന വിത്ത് നടൽ ചടങ്ങ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിനടുപ്പറമ്പി്ൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ഫാം മാനേജിങ് ഡയറക്ടർ വിമൽ ഘോഷ് ,വി. പി . മോഹൻദാസ് , ശ്രീകുമാർ ,പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.