ചരക്ക് വാഹന ഡ്രൈവർമാർക്കും തൊഴിലാളികൾക്കും വിശ്രമ മുറികളും ടോയിലറ്റ് സൗകര്യവും ഒരുക്കാൻ നിർദ്ദേശം

0 351

ചരക്ക് വാഹന ഡ്രൈവർമാർക്കും തൊഴിലാളികൾക്കും വിശ്രമ മുറികളും ടോയിലറ്റ് സൗകര്യവും ഒരുക്കാൻ നിർദ്ദേശം

ഇരിട്ടി: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്രമ മുറികളും ടോയിലറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദ്ദേശം. പച്ചക്കറി ഉൾപ്പടെ അവശ്യ സാധനങ്ങളുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും വാഹനങ്ങളിലെ മറ്റ് തൊഴിലാളികൾക്കും മാത്രമായാണ് വിശ്രമ മുറിയും ടോയിലറ്റ് സൗകര്യവുമൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. അയൽ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും രോഗവ്യാപനം ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തിലാണ് നടപടി.
പൂർണ്ണമായും കോവിഡ് മുക്തമായ വയനാട് ജില്ലയിൽ വീണ്ടും രോഗം വന്നത് തമിഴ്‌നാട്ടിൽ നിന്നും ചരക്കുമായി എത്തിയ ലോറി ഡ്രൈവറിൽ നിന്നായിരുന്നു. ഈ ഡ്രൈവറിൽ നിന്നും സമ്പർക്കം വഴിയാണ് ജില്ലയിൽ മറ്റ് മൂന്ന് പേർക്കും രോഗം ബാധിച്ചത്. ഇത് വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കൂടാതെ സംസ്ഥാനത്ത് രോഗം ബാധിച്ച് രോഗ മുക്തി നേടിയവരിൽ 10ത്തോളം പേർക്ക് എവിടെ നിന്നാണ് രോഗ ബാധയുണ്ടായത് എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. കേരളത്തിൽ ഇപ്പോൾ രോഗ ബാധിതർ ഇല്ലാത്ത ദിവസങ്ങളാണ് ഉള്ളത്. ദിനം പ്രതി ഇതര സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ചരക്ക് ലോറികളാണ് സംസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രധാന ടൗണുകളിലും മറ്റും രാത്രി വൈകിയും പുലർച്ചെയുമായി എത്തുന്ന ലോറികൾ നഗര പാതയിൽ പലയിടങ്ങളിലായി നിർത്തിയിടുകയാണ് പതിവ്. വാഹന തൊഴിലാളികളിൽ ഭൂരിഭാഗം പേരുടേയും പ്രാഥമികാവശ്യങ്ങൾപോലും തെരുവിൽ തന്നെയാണ് നിർവഹിക്കപ്പെടുന്ന.ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്്‌നങ്ങൾ കണക്കിലെടുത്താണ് പ്രധാന നഗരങ്ങളിൽ ഇവർക്ക് മാത്രമായി വിശ്രമമുറിയും ടോയിലറ്റും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
നഗര ഭരണകൂടത്തിന്റെയും പോലീസിന്റെയും ചുമട്ടുതൊഴിലാളികളുടേയും വ്യാവാരി വ്യവസായി ഏകോപന സമിതിയുടേയും നേതൃത്വത്തിലായിരിക്കും ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത്. ഇതിനായി അതാത് പ്രദേശങ്ങളിൽ മോണിറ്ററിംങ്ങ് കമ്മിറ്റി രൂപ വത്ക്കരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് . ചുമട്ടു തൊഴിലാളികൾ വാഹന തൊഴിലാളികളുമായി അടുത്ത ഇടപെടാൻ പാടില്ല. നിശ്ചിത അകലം പാലിക്കുന്നതിനും മറ്റുമുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ ചുമട്ടുതൊഴിലാളികൾക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട് . ഇരിട്ടി എസ്്.ഐ ദിനേശൻ കൊതേരിയു നേതൃത്വത്തിൽ നഗരസഭയും വ്യാപരികളുമായി ചേർന്ന ഇതിനുള്ള ശ്രമം ആരംഭിച്ചു. ചുമട്ടുതൊഴിലാളികൾക്ക് ഇത് സംബന്ധിച്ച് ബോധവത്ക്കണ ക്ലാസ്സും നൽകി.