മത വിദ്വേഷം പ്രചരിപ്പിച്ച പി.എസ്.സി ബുള്ളറ്റിൻ: ഉത്തരവാദികൾക്കെതിരെ കേസെടുക്കണം – വെൽഫെയർ പാർട്ടി

0 1,282

മത വിദ്വേഷം പ്രചരിപ്പിച്ച പി.എസ്.സി ബുള്ളറ്റിൻ: ഉത്തരവാദികൾക്കെതിരെ കേസെടുക്കണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ് പരത്തിയത് പ്രത്യേക മതവിഭാഗമാണെന്ന തരത്തിൽ ഏപ്രിൽ 15 ലെ പി.എസ്.സി ബുള്ളറ്റിനിലെ സമകാലികം പംക്തിയിൽ ചോദ്യോത്തരം പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായവർക്കെതിരെ മത സ്പർദ്ധ വളർത്താൻ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പി.എസ്.സി ബുള്ളറ്റിൻ പത്രാധിപ സമിതി ചെയർപേഴ്സൺ, പ്രിൻറർ ആൻഡ് പബ്ലിഷർ, പംക്തി കൈകാര്യം ചെയ്യുന്ന വ്യക്തികൾ എന്നിവർക്കെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആധികാരിക റഫറൻസായി കണക്കാക്കുന്ന പി.എസ്.സി ബുള്ളറ്റിൻ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള മാർഗമായി കണ്ടത് ഒരു നിലക്കും പൊറുക്കാവുന്നതല്ല. ആ ബുള്ളറ്റിൻ പിൻവലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. മതവിദ്വേഷ പ്രചരണം നടത്തുക എന്ന കൊടിയ ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇനിയും ഇതാവർത്തിക്കാതിരിക്കാൻ ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. കേരളത്തിലെ പോലീസ് സംവിധാനം ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റ് നിയമ നടപടികളും പാർട്ടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.