പരസ്യ വിമർശനം: കെ.എം ഷാജി ഇന്ന് വിശദീകരണം നൽകും

0 334

മലപ്പുറം: ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും.

മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തില്‍ ഷാജിക്ക് വിമർശനമുണ്ടായിരുന്നു. ഇതിന് പിന്നാലെ മസ്‌ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. വിശദീകരണം നൽകാൻ കെ. എം ഷാജിയോട് ഇന്ന് പണക്കാടെത്താൻ സംസ്ഥാന അധ്യക്ഷൻ നിർദേശം നൽകിയതായാണ് സൂചന. സാദിഖലി തങ്ങളെ കൂടാതെ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്ന പിഎംഎ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത.

അതെ സമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ.എം ഷാജി വേദിയിലിരിക്കവേ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ തുടർന്ന് സംസാരിച്ച കെ.എം.ഷാജി പ്രസംഗ വിവാദം പരാമർശിച്ചില്ല. യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പരിപാടിക്കെത്തിയ ഇരു നേതാക്കളെയും ലീഗ് പ്രവർത്തകർ മുദ്രവാക്യം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത്

Get real time updates directly on you device, subscribe now.