അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം, കൂടുതൽ ഇളവ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് (Election) നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് (Covid) നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകൾ.
എന്നാൽ അതേ സമയം, റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കൊവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് വരെ റാലികൾക്ക് അനുമതിയില്ലായിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.