കോവിഡ് പ്രതിരോധത്തിന് പൊതുജന പങ്കാളിത്തം: ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

0 152

കോവിഡ് പ്രതിരോധത്തിന് പൊതുജന പങ്കാളിത്തം: ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങി ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പൊതുജനം സംവദിച്ചു. ജില്ലയുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയായിരുന്നു വര്‍ക്കഷോപ്പിന്റെ ലക്ഷ്യം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായത്.

കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവ ചോദ്യം ചെയ്യാന്‍ പൊതുജനങ്ങള്‍ തയ്യാറാവണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കോവിഡ് പ്രതിരോധം സാധ്യമാവുകയുള്ളു എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുമെന്നും ജാഗ്രത കൂടുതല്‍ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കുന്നതിനായി 112 എന്ന നമ്പറിലോ, 9497996974 എന്ന വാട്‌സാപ്പ് മ്പറിലോ അല്ലെങ്കില്‍ പോല്‍ ആപ് എന്ന പോലീസ് ആപ്പിലോ അറിയിക്കാവുന്നതാണെന്നും ആര്‍. ഇളങ്കോ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട നിരീക്ഷണ കാലാവധി 14 ദിവസം തന്നെയാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റും തിരിച്ചെത്തുന്നവര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി 7 ദിവസത്തെ നിരീക്ഷണ കാലാവധി എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. നിലവില്‍ ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ടെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ രോഗ വ്യാപനം തടയാന്‍ സാധിക്കുകയുള്ളുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കണ്ടൈന്‍മെന്റ് സോണുകളില്‍ കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നില്ലെന്നും കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ പ്രഹസനം മാത്രമായി തുടരുകയാണെന്നും സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ അവ ഉപയോഗിക്കുന്നില്ലെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലയ്ക്കകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ എത്തുന്നതായും ഇത്തരം അനാവശ്യ യാത്രകള്‍ തടയേണ്ടത് അത്യാവശ്യമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ അനുവദിച്ച എണ്ണത്തില്‍ കവിഞ്ഞ് ആളുകള്‍ പങ്കെടുക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതാണ്. കൂടാതെ സ്ഥാപനങ്ങളിലെ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.

രണ്ട് മണിക്കൂറിലധികം നീണ്ട ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് എന്‍.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ് നിയന്ത്രിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, വിവിധ സംഘടനാ- പൊതുജന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.