പുരളിമല താഴ്വാരങ്ങളില്‍ വന്യമൃഗശല്യത്തിന് അറുതിയില്ല

0 672

 

മാലൂര്‍ : പുരളിമല താഴ്വാരങ്ങളില്‍ കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന പുരളിമലയിലെ കൂവക്കര, ചിത്രവട്ടം എന്നീ സ്ഥലങ്ങളില്‍നിന്ന് കൃഷി ഉപേക്ഷിച്ച്‌ ഒട്ടേറെ പേര്‍ വീടൊഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി കുടുംബങ്ങള്‍ അവരുടെ സ്വദേശമായ കോട്ടയം, ഇടുക്കി ജില്ലകളിലേക്കു മടങ്ങി. കിഴങ്ങുവര്‍ഗ വിളകളും തേങ്ങ, അടയ്ക്ക തുടങ്ങിയവയും കുരങ്ങുകള്‍ വ്യാപകമായി പകലോ രാത്രിയോ ഭേദമില്ലാതെ നശിപ്പിക്കുകയാണ്. മിക്ക വീട്ടുകാര്‍ക്കും തേങ്ങ ലഭിക്കാത്ത അവസ്ഥയാണ്. റബ്ബറിന്റെ തോലടക്കം ഉരിഞ്ഞുനിന്നു നശിപ്പിക്കുകയാണ്. പന്നികള്‍ കിഴങ്ങിനുപുറമെ വാഴത്തോട്ടവും റബ്ബര്‍ ചെടികളും നശിപ്പിക്കുന്നു. പലരും കൃഷികള്‍ ഉപേക്ഷിക്കുകയാണ്. പുരളിമല താഴ്വാരത്തെ തോലമ്ബ്ര, തൃക്കടാരിപ്പൊയില്‍, പാലോട്ടുവയല്‍, പാലാച്ചിപ്പാറ, ശിവപുരം, പടുപാറ, ആലാച്ചി, തില്ലങ്കേരി, മുടക്കോഴി തുടങ്ങിയ സ്ഥലങ്ങളില്‍ നൂറുക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം.

കൃഷിക്കാര്‍ നിസ്സഹായരായിരിക്കുകയാണ്. കുരങ്ങുകള്‍ വീട്ടുപരിസരത്ത് വിരിച്ചിരിക്കുന്ന വസ്ത്രങ്ങളും മറ്റും നശിപ്പിക്കുകയാണ്. ബാങ്കുകളില്‍നിന്നൊക്കെ ലോണ്‍ എടുത്ത്‌ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിളകളൊന്നും എടുക്കാനാവാത്ത അവസ്ഥയാണ്. കാഞ്ഞിലേരിയിലും കുരങ്ങുകള്‍ നേന്ത്രവാഴയിലെ കായ്കള്‍ തിന്നുനശിപ്പിക്കുകയാണ്. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിക്കാറില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്.