പുത്തുമല ദുരന്തബാധിതർക്ക്‌ മേപ്പാടി പൂത്തക്കൊല്ലിയിൽ നിർമിക്കുന്ന വീടുകൾക്ക്‌ 20ന്‌ തറക്കല്ലിടും

0 303

പുത്തുമല ദുരന്തബാധിതർക്ക്‌ മേപ്പാടി പൂത്തക്കൊല്ലിയിൽ നിർമിക്കുന്ന വീടുകൾക്ക്‌ 20ന്‌ തറക്കല്ലിടും

പുത്തുമല ദുരന്തബാധിതർക്ക്‌ മേപ്പാടി പൂത്തക്കൊല്ലിയിൽ നിർമിക്കുന്ന വീടുകൾക്ക്‌ 20ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ തറക്കല്ലിടും. ഗുണഭോക്താക്കൾക്ക്‌ ഭൂമി തിങ്കാളാഴ്‌ച നറുക്കിട്ട്‌ നൽകി. മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലായിരുന്നു നറുക്കെടുപ്പ്‌. ആദ്യഘട്ടത്തിൽ 52 പേർക്കാണ്‌ ഭൂമി നൽകുന്നത്‌. പിന്നീട്‌ ആറ്‌ കുടുംബങ്ങൾക്ക്‌കൂടി നൽകും. ഓരോരുത്തർക്കമുള്ള ഭാഗങ്ങളാണ്‌ നറുക്കെടുത്ത്‌ നൽകിയത്‌.
സി കെ ശശീന്ദ്രൻ എംഎൽഎ, കലക്ടർ അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് എന്നിവരും പുത്തുമല നിവാസികളും നറുക്കെടുപ്പിൽ പങ്കാളികളായി. മന്ത്രി ശശീന്ദ്രൻ ആദ്യനറുക്കെടുത്തു. ഓരോ ഭാഗത്തിനും പ്രത്യേകം നമ്പർ നൽകിയായിരുന്നു നറുക്കെടുപ്പ്. ഏഴ് ഏക്കർ ഭൂമിയിലാണ് ‘ഹർഷം’ എന്ന പേരിൽ വീട് നിർമിക്കുക. നിർമാണത്തിന്‌ ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ സർക്കാർ നൽകും. സന്നദ്ധസംഘടകളുടെയും വ്യക്തികളുടെയും സഹായവാഗ്ദാനവും സ്വീകരിക്കും. ജില്ലാ ഭരണസംവിധാനം, മേപ്പാടി പഞ്ചായത്ത്‌, ജനകീയ കമ്മിറ്റി എന്നിവയുടെ മേൽനോട്ടത്തിലാകും പ്രവൃത്തികൾ.
മേപ്പാടി ടൗണിൽനിന്നും രണ്ട്‌ കിലോമീറ്റർ അകലെ നെടുമ്പാല–-മുട്ടിൽറോഡിലാണ്‌ പൂത്തക്കൊല്ലി എസ്‌റ്റേറ്റ്‌. ഇവിടെ ഏഴ്‌ ഏക്കറാണ്‌ പുത്തുമല പുനരധിവാസത്തിനായി ഏറ്റെടുത്തത്‌. കഴിഞ്ഞ ആഗസ്‌ത്‌ എട്ടിനാണ്‌ പുത്തുമലയിൽ ഉരുൾപൊട്ടിയത്‌. ‌ 17 പേർ മരിച്ച ദുരന്തത്തിൽ 95 ഓളം കുടുംബങ്ങൾക്ക്‌ ഭൂമിയും വീടും നഷ്‌ടമായി. ഇവരിൽ 43 കുടുംബങ്ങൾക്ക്‌ പുരധിവാസത്തിന്‌ സംസ്ഥാന സർക്കാർ 10‌ ലക്ഷം രൂപ നൽകി. ബാക്കിയുള്ള കുടുംബങ്ങളെയാണ്‌ പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കുന്നത്‌.
ഭൂമിയിലേക്കുള്ള റോഡ്‌ നിർമാണം പൂർത്തിയായി. കളിസ്ഥലം, ഓഡിറ്റോറിയം, അങ്കണവാടി, തൊഴിൽ പരിശീലനകേന്ദ്രം, ഹെൽത്ത്‌ സെന്റർ, വെറ്ററിനറി ഹോസ്‌പിറ്റൽ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും