കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലുകളിലും മദ്യം വാങ്ങാന്‍ ക്യൂ; വില്‍പന തടഞ്ഞ് കലക്ടര്‍

0 536

കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലുകളിലും മദ്യം വാങ്ങാന്‍ ക്യൂ; വില്‍പന തടഞ്ഞ് കലക്ടര്‍

ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിലെ ബാറില്‍ മദ്യം വാങ്ങാന്‍ ആളുകളെത്തി. ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ എടുത്തവര്‍ക്കാണ് ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാല് ഹോട്ടലുകളിലേക്ക് മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കിയിരിക്കുന്നത്. ഇത് ജില്ലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ടോക്കണ്‍ കിട്ടിയ ആളുകള്‍ മദ്യം വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ബാറുകള്‍ തുറക്കാനും മദ്യം വില്‍ക്കാനും ജില്ലാ കലക്ടര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ മദ്യം വില്‍ക്കാനാവില്ലെന്നുമാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇതോടെ മദ്യം വാങ്ങാനെത്തിയവരും ആശയക്കുഴപ്പത്തിലാണ്. അതേസമയം 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പന പുനരാരംഭിച്ചു. ടോക്കണിനൊപ്പം കിട്ടുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടത് പലയിടത്തും ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും നിലവില്‍ എല്ലായിടത്തും മദ്യ വില്‍പന സുഗമമായി നടക്കുന്നുണ്ട്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ആളുകളെ മദ്യ വില്‍പന ശാലകളിലേക്ക് കടത്തിവിടുന്നത്. മദ്യം വാങ്ങും മുന്‍പും ശേഷവും ആളുകളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുന്നുണ്ട്. സംസ്ഥാനത്ത് മദ്യ വില്‍പനശാലകള്‍ തുറന്ന് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ എവിടേയും തിരക്ക് അനുഭവപ്പെടുന്നില്ല. പത്തില്‍ താഴെ ആളുകളാണ് എല്ലാ മദ്യ വില്‍പനശാലകള്‍ക്കും മുന്നിലുള്ളത്. ടോക്കണില്ലാതെ വരുന്നവരെയെല്ലാം മദ്യശാലകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ച പോലീസ് മടക്കി അയക്കുന്നുണ്ട്. എന്നാല്‍ പൊതുവില്‍ ടോക്കണ്‍ ലഭിച്ചവര്‍ അല്ലാതെ ആരും തന്നെ മദ്യ വില്‍പനശാലകളിലേക്ക് എത്തുന്നില്ല എന്നത് ആശ്വാസകരമാണ്. 15 മിനിറ്റ് സമയമാണ് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അനുവദിക്കുന്നത്. നിര്‍ദേശിക്കപ്പെട്ട 15 മിനിറ്റ് സമയത്ത് തന്നെ ഉപഭോക്താവ് മദ്യശാലയില്‍ പ്രവേശിച്ച് മദ്യം വാങ്ങി മടങ്ങണം. 9 മുതല്‍ 9.15 വരെ, 9.15 മുതല്‍ 9.30 വരെ, 9.30 മുതല്‍ 9.45 എന്നിങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന ടൈം സ്ലോട്ടുകള്‍. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായത്. എന്നാല്‍ ആര്‍ക്കും ഒ.ടി.പി ലഭിച്ചില്ല എന്ന പരാതി ഉയര്‍ന്നു. ഇന്ന് രാവിലെയോടെ ഈ പ്രശ്‌നം പരിഹരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് മദ്യ വില്‍പനശാലകള്‍ തുറന്നെങ്കിലും ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്കും ബാര്‍ ജീവനക്കാര്‍ക്കും ബാര്‍കോഡ് റീഡിംഗ് സൗകര്യം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയവരുടെ ടോക്കണ്‍ നമ്പറും സമയും പരിശോധിച്ച് രേഖപ്പെടുത്തിയാണ് മദ്യം നല്‍കിയത്. 4,65,000 പേര്‍ക്ക് ഒരു ദിവസം ടോക്കണ്‍ നല്‍കാനാണ് ബെവ്‌കോ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് മദ്യം വാങ്ങാനായി ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇന്നത്തേക്കുള്ള ടോക്കണ്‍ വിതരണം ഇതിനോടകം അവസാനിപ്പിച്ചു കഴിഞ്ഞു. നാളത്തേക്കുളള ടോക്കണ്‍ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.