ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി
ഖത്തര്‍: ഖത്തറില്‍ കുടുങ്ങിയവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് പറക്കാം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം തുടങ്ങി. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിവര ശേഖരണം ആരംഭിച്ചത്. കോവിഡ് പരിശോധന നടത്തിയിരുന്നോ എന്നതുള്‍പ്പെടെ പതിനഞ്ചു വിവരങ്ങളാണ് കൈമാറേണ്ടത്.
പേര്, വീസ, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങള്‍, ഇന്ത്യയിലേക്കു മടങ്ങാനുള്ള കാരണം, കോവിഡ് പരിശോധന ഫലം, തുടങ്ങി പതിനഞ്ചു വിവരങ്ങളാണ് കൈമാറേണ്ടത്. സ്വന്തം ചിലവില്‍ പതിനാലു ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സമ്മതം നല്‍കിയാണ് റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഇന്ത്യ ഇന്‍ ഖത്തര്‍ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ലിങ്ക് വഴി റജിസ്ട്രേഷന്‍ നടത്താം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഔദ്യോഗികമായി വിവരശേഖരണം തുടങ്ങുന്നത്.
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതെന്നു ദോഹയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു. ഫേസ്ബുക്കിലും വെബ്സൈറ്റിലും ഉടന്‍ ലിങ്ക് വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏഴു ലക്ഷത്തി അന്‍പത്താറായിരം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇതില്‍ നാലര ലക്ഷത്തോളം പേര്‍ മലയാളികളാണെന്നാണ് അനൌദ്യോഗിക കണക്ക്.
അതേസമയം, ഇന്ത്യയിലേക്കു എന്നു പോകാന്‍ കഴിയും, വിമാന സര്‍വീസ് എന്നു പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അറിയിക്കുമെന്നും എംബസി വ്യക്തമാക്കുന്നുണ്ട്. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 89,03,513 ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാരുള്ള യുഎഇയില്‍ 34,20,000 ഉം സൌദിയില്‍ 25,94,947 പേരുമാണുള്ളത്. ഇതില്‍ നാല്‍പ്പതു ശതമാനവും മലയാളികളാണെന്നാണ് അനൌദ്യോഗിക കണക്ക്.