ഹത്‌റാസിലേക്ക് വീണ്ടും രാഹുൽ ഗാന്ധി; ഒപ്പം പ്രിയങ്ക ഗാന്ധിയും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിലേക്ക്. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ നിന്നും ഹത്‌റാസിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടാകും.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി വ്യാഴാഴ്ച ഹത്‌റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് നോയിഡയ്ക്ക് സമീപം വഴി തടഞ്ഞിരുന്നു. തുടർന്ന് ബുദ്ധ സർക്യൂസ് അതിഥി മന്ദിരത്തിൽ തടഞ്ഞുവച്ച ഇരുവരേയും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
എന്നാൽ, യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബത്തിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും പിതാവിനെ അടക്കം മർദ്ദിച്ചതായും ആരോപണമുണ്ട്.
അതേസമയം, പെൺകുട്ടിയുടെ കുടുംബാഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന സർക്കാർ ഉത്തരവ് വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.