ആലപ്പുഴ: ആലപ്പുഴയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിനവും പര്യടനം തുടരുകയാണ്. പര്യടനത്തിനിടെ ആലപ്പുഴയിൽ ചുണ്ടൻ വള്ളം തുഴഞ്ഞ് രാഹുൽ ഗാന്ധി. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി, പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോഴാണ് രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്.
അറവുകാട് നിന്നാണ് ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം പര്യടനം തുടങ്ങിയത്. ആദ്യഘട്ടം പാതിരപ്പള്ളിയിലാണ് സമാപിച്ചത്.രണ്ടാം ഘട്ടം കണിച്ചുകുളങ്ങരയിൽ സമാപിക്കും. യാത്രയ്ക്ക് മുൻപ് വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്ത് മൽസ്യത്തൊഴിലാളികളുമായി കൂടിക്കാഴ്‌ച നടത്തി. മണ്ണെണ്ണ വില വർധന, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൽസ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. കേരളത്തിൽ യുഡിഎഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.