കര്‍ഷക സമരം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി: ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം

0 483

കര്‍ഷക സമരം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി: ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം

കാർഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. 6 ന് ഹരിയാനയിലും റാലി നടത്തും.

കാർഷിക ബില്ലുകള് വന്‍ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കുമ്പോള്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം വിദേശത്തായിരുന്നു രാഹുല് ഗാന്ധി. സെപ്തംബർ 24 മുതല്‍ കോണ്‍ഗ്രസ് സമരങ്ങള്‍ ആരംഭിച്ചെങ്കിലും എല്ലാം പി.സി.സികളുടെ നേതൃത്വത്തിലായിരുന്നു. അതിനാല്‍ ഇതുവരെയും കർഷക സമരത്തിന്റെ ഭാഗമായിരുന്നില്ല.

നിലവില്‍ കർഷക സമരം ശക്തമായി തുടരുന്ന പഞ്ചാബില്‍ നിന്ന് ടാക്ടർ റാലി തുടങ്ങാനാണ് രാഹുലിന്റെ തീരുമാനം. 11 മണിക്ക് മോഗയിലെ ബദ്‌നി കാലനിൽ കാർഷിക നിയമങ്ങൾക്ക് എതിരായി 2 കോടി ഒപ്പുശേഖരണത്തിന് തുടക്കമിടും. 12.30 യോടെ ജത്പുരയിലേക്ക് യാത്ര ആരംഭിക്കും.

മുഖ്യമന്ത്രി കാപ്റ്റന് അമരീന്ദർ, പി.സി.സി അധ്യക്ഷന്‍ സുനില്‍ ജഖാർ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് മൊഗ, ലുധിയാന, സംഗ്രൂർ, പട്യാല ജില്ലകളിൽ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും.

ആറിന് ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നവിടങ്ങളില്‍ രാഹുല്‍ റാലികളെ അഭിസംബോധന ചെയ്യും. രാഹുല്‍ റാലി നടത്തിയാല്‍ ഖട്ടാർ സർക്കാർ തടയാനാണ് സാധ്യത. രാഹുലിന്റെ ഹാഥറാസ് സന്ദർശനവും ശേഷമുള്ള ടാക്ടർ മാർച്ച് പ്രഖ്യാപനവും കോണ്ഗ്രസിനെ ഉണർത്തിയിട്ടുണ്ട്.