രാഹുല്‍ രക്തസാക്ഷിയുടെ മകന്‍, രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്: പ്രിയങ്ക ഗാന്ധി

0 612

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര ഓർമിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി വിലാപ യാത്രയുടെ മുന്നിൽ നടന്നത് 32 വർഷങ്ങൾക്ക് മുൻപാണ്. ആ രക്തസാക്ഷിയായ പിതാവിനെ പല തവണ സഭകളിൽ അപമാനിച്ചു. ആ രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെ അപമാനിച്ചു. എന്നാൽ ഇവർക്ക് ആർക്കും രണ്ടു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചിട്ടില്ല. ആരുടെയും അംഗത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കുടുംബത്തെ നിരന്തരം അപമാനിച്ചിട്ടും രാഹുൽ ഗാന്ധി പറഞ്ഞത് തനിക്ക് നിങ്ങളോട് വിദ്വേഷം ഇല്ലെന്നാണ്. ഒരു മനുഷ്യനെ നിങ്ങൾ എത്രത്തോളം ഇനിയും അപമാനിക്കും? കൂടുതൽ ശക്തിയോടെ പോരാടും. രാജ്യത്തെയാണ് ചിലർ കൊള്ളയടിച്ചത്. രാഹുൽ ഗാന്ധിയുടെ സ്വത്തല്ല കൊള്ളയടിക്കപ്പെട്ടത്. അദാനിയെ പോലുള്ള വ്യവസായികൾ ജനങ്ങളെ ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. മുഴുവൻ സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും ഒരു അദാനിയെ സംരക്ഷിക്കാൻ എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നു? അദാനി ആരാണ്? പേര് കേൾക്കുമ്പോൾ തന്നെ എന്തിനാണ് ഭയം? ഈ രാജ്യം ജനങ്ങളുടെയാണ്. രാജ്യത്തിന്‍റെ സമ്പത്ത് ജനങ്ങളുടേതാണെന്നും പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരായ സത്യഗ്രഹം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം ഒറ്റക്കെട്ടായുണ്ടെന്ന് അറിയിക്കാനാണ് ഈ സത്യഗ്രഹം. ബി.ജെ.പിയും നരേന്ദ്ര മോദിയും കോൺഗ്രസ് ബലഹീനരാണെന്ന് കരുതുന്നു. തക്ക മറുപടി കോൺഗ്രസ് നൽകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ എന്തുവേണമെങ്കിലും ബലികഴിക്കാൻ തയ്യാറാണ്. ഇതാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ പോരാട്ടം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ്. രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചാൽ കോൺഗ്രസ് അവസാനിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു. എന്നാൽ രാഹുൽ ഗാന്ധി ആർക്ക് മുന്നിലും തല കുനിക്കില്ല. നരേന്ദ്ര മോദി ഗാന്ധി കുടുംബത്തിന് എതിരെ എത്രയെത്ര പ്രസംഗങ്ങൾ നടത്തി? എന്തുകൊണ്ട് നരേന്ദ്ര മോദിയെ മാനനഷ്ട കേസിൽ ശിക്ഷിച്ചില്ലെന്നും ഖാര്‍ഗെ ചോദിച്ചു.