നിർത്തിയിട്ട തീവണ്ടിക്കിടയിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമംഅപകടങ്ങളൊഴിവായത് തലനാരിഴയ്ക്ക്
പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്കു തീവണ്ടിക്കിടയിലൂടെ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമൊഴിവായത് തലനാരിഴയ്ക്ക്. രണ്ടുമണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് പയ്യന്നൂരിലുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 7.30-ഓടെ എഗ്മോര്‍ എക്സ്പ്രസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കണ്ടങ്കാളി സ്വദേശികളായ അച്ഛനും മകനും ചരക്കുതീവണ്ടിയുടെ ബോഗികള്‍ക്കിടയിലൂടെ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുതീവണ്ടി മറ്റൊരു തീവണ്ടി പോകാനായി മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് നിര്‍ത്തിയിട്ടിരുന്നത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയ എഗ്മോര്‍ എക്സ്പ്രസിലെ യാത്രക്കാരായ ഇവര്‍ മൂന്നാമത്തെ പ്ലാറ്റ്ഫോം മുറിച്ചുകടന്ന് കിഴക്കുഭാഗത്തെ കവാടത്തിലേക്ക് പോവാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് പാളത്തിലേക്ക് ഇറങ്ങിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടി പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട, കണ്ണൂര്‍ ഭാഗത്തേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ അച്ഛനെയും കുട്ടിയെയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തി.
ഇതിനും രണ്ടുമണിക്കൂര്‍ മുമ്ബ് മമ്ബലം സ്വദേശിനിയായ മധ്യവയസ്ക ചരക്കുതീവണ്ടിയ്ക്കിടയിലൂടെ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നു. പോകാന്‍ തയ്യാറായിനിന്ന തീവണ്ടിയുടെ ബോഗിക്കിടയിലൂടെയാണ് അവര്‍ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. മറ്റു യാത്രക്കാരുടെ ഇടപെടലാണ് അവരെയും അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്.
കിഴക്കുഭാഗത്തേക്കുള്ള കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം നീളുന്നതാണ് ഇത്തരത്തില്‍ ആളുകള്‍ പാളത്തിലൂടെ തീവണ്ടിക്കിടയിലൂടെ പോകേണ്ട സ്ഥിതിയാക്കുന്നത്. മേല്‍പ്പാലം നിര്‍മിച്ചെങ്കിലും ഇവിടേക്കുള്ള സമീപനറോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ക്ക് അപകടം കൂടാതെ കിഴക്കുഭാഗത്തെ കവാടത്തിലെത്തിച്ചേരാന്‍ സാധിക്കും.