രാജ്ഭവന്‍ ആര്‍എസ്എസ് കാര്യാലയമായി മാറി; രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

0 945

രാജ്ഭവന്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരായി ഗൂഡാലോചന നടക്കുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രാജ്ഭവന്‍ ആര്‍എസ്എസ് കാര്യാലയമായി മാറിയെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വൈസ് ചാന്‍സലറിന് പുനര്‍നിയമനം നല്‍കിയത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്. ഗവര്‍ണര്‍ ജോലി ഒഴിവാക്കി ആര്‍എസ്എസ് ഓഫീസില്‍ ഇരിക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ ഫേസ്ബുക്കിലും എം വി ജയരാജന്‍ രംഗത്തെത്തി. പ്രതിഷേധത്തെ വധശ്രമമാക്കുന്ന ഗവര്‍ണറും ബലാത്സംഗവും കൊതപാതകവും നടത്തിയ ക്രിമിനലുകളെ മാലാഖമാരാക്കുന്ന ആര്‍എസ്എസും ഒരേ തൂവല്‍ പക്ഷികളാണെന്ന് എം വി ജയരാജന്‍ പരിഹസിച്ചു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷഭാഷയിലാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ഗവര്‍ണര്‍ക്ക് ആര്‍എസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവര്‍ണര്‍ പദവിയിലിരുന്ന് എന്തും പറയരുത്. ഗവര്‍ണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്.ഇ എം എസ് അധികാരത്തില്‍ വന്നത് കയ്യൂക്ക് കൊണ്ടല്ല. ഏത് വര്‍ഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം പക്ഷെ ചരിത്രം ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ തയ്യാറാകണം. കേരളത്തില്‍ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആകാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get real time updates directly on you device, subscribe now.