ഒരാൾക്ക് 20 ലക്ഷം രൂപ..! ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നല്‍കിയത് ലക്ഷങ്ങള്‍- റിപ്പോർട്ട്

0 1,676

മുംബൈ: ഇത്തവണത്തെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയത് ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനായിരുന്നു. സംവിധായകന്‍ എസ്.എസ് രാജമൗലി, നായകന്മാരായ  രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ തങ്ങളുടെ കുടുംബത്തോടൊപ്പം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലുണ്ടായിരുന്നു.

എന്നാൽ ഓസ്‌കർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സൗജന്യ പാസ് ലഭിച്ചത് ആർ.ആർ.ആർ സംഗീതസംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസിനും മാത്രമാണെന്ന് റിപ്പോർട്ട്. സിനിമയുടെ സംവിധായകനും നായകന്മാരും കുടുംബവുമുൾപ്പെടെ ബാക്കിയുള്ളവരെല്ലാം ടിക്കറ്റെടുത്താണ് ചടങ്ങിൽ പങ്കെടുത്തത്. ഒരു ടിക്കറ്റ് 20.6 ലക്ഷം രൂപ രൂപയാണ് ഈടാക്കിയത്.  എസ്എസ് രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, ഇവരുടെ കുടുംബാഗങ്ങൾ എന്നിവരാണ് ഓസ്‌കർ ചടങ്ങ് തത്സമയം കാണാനായി ടിക്കറ്റെടുത്തതെന്നും ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

എസ് എസ് രാജമൗലിക്കൊപ്പം ഭാര്യ രമയും മകൻ എസ് എസ് കാർത്തികേയയും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രാം ചരണിനൊപ്പം ഭാര്യ ഉപാസന കാമിനേനിയും ജൂനിയർ എൻടിആർ തനിച്ചുമാണ് പരിപാടിയിൽ പങ്കെടുത്തത്. അക്കാദമി അവാർഡ് ക്രൂ പറയുന്നതനുസരിച്ച്, അവാർഡ് ജേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമേ സൗജന്യ പാസിന് അർഹതയുള്ളൂ, അതേസമയം പരിപാടി തത്സമയം കാണുന്നതിന് മറ്റെല്ലാവരും പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരും.

അവാർഡ് പ്രഖ്യാപനത്തിന്റെ സമയത്ത് ആഹ്ളാദം  പ്രകടിപ്പിക്കുന്ന എസ്.എസ് രാജമൗലി ഉൾപ്പെടെയുള്ള ആർ.ആർ.ആർ ടീം അംഗങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹാളിന്റെ അവസാന നിരയിലായിരുന്നു ടീം അംഗങ്ങൾ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് രാജമൗലിയും സംഘവുംഏറ്റവും പിറകിലിരിക്കുന്നതെന്നും ചിലർ വീഡിയേക്ക് താഴെ കമന്റ് ചെയ്തിരുന്നു. ആർആർആർ ടീം പിന്നിൽ ഇരിക്കുന്നത് നാണക്കേടാണ്,’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.