രാജ്യത്ത് എവിടെ കലാപമുണ്ടായാലും പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുണ്ട്: കെ സുരേന്ദ്രന്‍

0 212

 

 

ദില്ലി: രാജ്യത്ത് എവിടെ കലാപമുണ്ടായാലും അതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉണ്ടാകുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചീറ്റി പോയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

കേരളത്തിലെ ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും അഴിച്ചു പണി ഉണ്ടാകുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയതുമുതല്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അഴിച്ചുപണി ഉടനുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.