രാജ്യദ്രോഹം, യുഎപിഎ കേസുകള്‍: രൂപേഷിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

0 117

ന്യൂഡല്‍ഹി: രാജ്യദ്രോഹം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാവോവാദി നേതാവ് രൂപേഷിന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ച ഹൈകോടതി വിധിക്കെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ആറാഴ്ചയാണ് മറുപടി നല്‍കാന്‍ രൂപേഷിന് കോടതി അനുവദിച്ചിരിക്കുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച്‌ 2013 ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും, 2014 ല്‍ വളയം പോലീസ് സ്റ്റേഷനിലെ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. രാജ്യദ്രോഹക്കേസില്‍ പ്രോസിക്യുഷന്‍ അനുമതിയില്ലാതെ വിചാരണ കോടതിക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. യുഎപിഎ കേസില്‍ പ്രോസിക്യുഷന്‍ അനുമതി സമയബന്ധിതമായി നല്‍കാത്തതും വിടുതല്‍ ഹര്‍ജി അംഗീകരിക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, യുഎപിഎ നിയമം അനുസരിച്ച്‌ പ്രോസിക്യുഷന്‍ അനുമതി സമയ ബന്ധിതമായി ലഭിക്കണം എന്നത് നിര്‍ദേശക സ്വഭാവമുള്ള വ്യവസ്ഥയാണെന്നും, അത് നിര്‍ബന്ധമല്ലെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗും, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു. പ്രോസിക്യുഷന്‍ അനുമതി ലഭിക്കാന്‍ വൈകിയത് ഭരണപരമായ കാരണങ്ങളാലാണെന്നും അത് കേസിന്റെ മെരിറ്റിനെ ബാധിക്കുന്നതല്ലെന്നും ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി.