കാഠ്മണ്ഡു: നേപ്പാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിയുടെ ഓഫീസായ ശീതൾ നിവാസിൽ നടന്ന പ്രത്യേക ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹരികൃഷ്ണ കർക്കി 78 കാരനായ പൗഡലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സി.പി.എൻ – യു.എം.എൽ സ്ഥാനാർഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണു പരാജയപ്പെടുത്തിയത്. സൈനിക ബാൻഡ് ദേശീയ ഗാനം ആലപിക്കുകയും സല്യൂട്ട് നൽകുകയും ചെയ്ത ചടങ്ങിൽ പുതിയ പ്രസിഡന്റിനെ ആശംസകൾ നേർന്ന് ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പാർലമെന്റ് അംഗങ്ങളും അണിനിരന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള നേപ്പാളിന്റെ രാജവാഴ്ച 2008-ൽ നിർത്തലാക്കി റിപ്പബ്ലിക്കായി മാറിയിരുന്നു. ഫെഡറൽ പാർലമെന്റിലെയും പ്രവിശ്യാ അസംബ്ലികളിലെയും അംഗങ്ങളാണ് രാം ചന്ദ്ര പൗഡലിനെ വ്യാഴാഴ്ച തിരഞ്ഞെടുത്തത്. 33,802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ടംഗ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളിലെ കാഠ്മണ്ഡുവിലെ ന്യൂ ബനേശ്വറിലുള്ള പാർലമെന്റ് മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷൻ, ഫെഡറൽ പാർലമെന്റേറിയൻമാർക്കും പ്രൊവിൻസ് അസംബ്ലി അംഗങ്ങൾക്കുമായി രണ്ട് പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ ഹാളിൽ ഒരുക്കിയിരുന്നു. ജനപ്രതിനിധി സഭയിലെ 275 അംഗങ്ങളും ദേശീയ അസംബ്ലിയിലെ 59 പേരും ഏഴ് പ്രവിശ്യാ അസംബ്ലികളിൽ 550 പേരും ഉൾപ്പെടെ ആകെ 884 അംഗങ്ങൾ ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു