സാമൂഹിക വ്യാപനം അറിയാൻ സംസ്ഥാനത്ത് റാന്‍ഡം പരിശോധന: പൊതു സമൂഹത്തെ 5 ഗ്രൂപ്പുകളായി തിരിക്കും

0 813

സാമൂഹിക വ്യാപനം അറിയാൻ സംസ്ഥാനത്ത് റാന്‍ഡം പരിശോധന: പൊതു സമൂഹത്തെ 5 ഗ്രൂപ്പുകളായി തിരിക്കും

കൊല്ലം: കൊവിഡ് 19 ന്‍റെ സമൂഹ വ്യാപന സാധ്യത അറിയാൻ കേരളത്തിൽ റാൻഡം പിസിആര്‍ പരിശോധനകള്‍ തുടങ്ങി. പൊതു സമൂഹത്തെ അ‍ഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാന്‍ഡം പി സി ആര്‍ പരിശോധനകള്‍ തുടങ്ങിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ , പൊലീസ് , കടകളിലെ ജീവനക്കാര്‍ , അതിഥി തൊഴിലാളികള്‍ , യാത്രകളോ കൊവിഡ് രോഗികളുമായി സന്പര്‍ക്കമോ വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

രോഗികളുമായി അടുത്തിടപെഴകിയവര്‍ ഉണ്ടെന്നു കണ്ടെത്തിയാൽ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും. ഈ വിഭാഗത്തിൽ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നല്‍കിയത്. റാപ്പിഡ് ആന്‍റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാൽ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും