‘രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനായത് യുഡിഎഫിന്റെ ജനപ്രതിനിധികളുടെ കൂടി ഇടപെടല്‍ കൊണ്ട്’; പി ജയരാജന്‍

0 128

 

കൊച്ചി: ലൈഫ് പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ രണ്ട് ലക്ഷം വീടുകളെ പറ്റി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത് അര്‍ധസത്യങ്ങളെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ലൈഫ് മിഷന്‍ എന്താണെന്ന് ഈ ഘട്ടത്തില്‍ എങ്കിലും മനസ്സിലാക്കുവാന്‍ യുഡിഎഫ് നേതാക്കള്‍ മെനക്കെടണം മൂന്ന് ഘട്ടമായി നടക്കുന്ന ലൈഫ് മിഷനെ പറ്റി മനസ്സിലാക്കുന്നത് ജനസേവനത്തിനു ഉപകരിക്കുമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യുഡിഎഫിന്റെത് ഉള്‍പടെ ഒട്ടനവധി ജനപ്രധിനിധികള്‍ കൃത്യമായി ഇടപെട്ട് ഒരു ജനകീയ മുന്നേറ്റമായി ലൈഫ് മിഷന്‍ വിജയിപ്പിച്ചത് കൊണ്ടാണ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിഞ്ഞത്, ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരു ലക്ഷം കുടുബത്തിന് ഭവന സമുച്ചയം ഒരുക്കുന്നതും ഇച്ചാശക്തിയുള്ള ഒരു നേതൃത്വത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും ഫലമായാണെന്ന് ജയരാജന്റെ കുറിപ്പില്‍ പറയുന്നു

ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ശ്രീമാന്‍ കെസി ജോസഫിന്റെ പേരില്‍ ഉള്ള ഒരു ഫേസ് ബുക്ക് പ്രൊഫൈലില്‍ കേരള സര്‍ക്കാര്‍ അവഷികരിച്ചു നടപ്പാക്കിയ ലൈഫ് മിഷന്‍ പദ്ധതിയെ പറ്റി ഒരു പോസ്റ്റ് കണ്ടു. രണ്ടു ലക്ഷം വീടുകള്‍ ലൈഫ് മിഷന് കീഴില്‍ പൂര്‍ത്തീകരിച്ച വാര്‍ത്തയോട് പൊതുവേ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കുന്ന നുണകളിലും അര്‍ദ്ധസത്യത്തിലും പൊതിഞ്ഞ ആരോപണ രീതിവെച്ച്‌ ടി പോസ്റ്റ് അദ്ദേഹത്തിന്റെ തന്നെയാകും എന്ന് കരുതുന്നു.

ലൈഫ് മിഷന്‍ എന്താണെന്ന് ഈ ഘട്ടത്തില്‍ എങ്കിലും മനസ്സിലാക്കുവാന്‍ യുഡിഎഫ് നേതാക്കള്‍ മെനക്കെടണം എന്നാണ് എന്റെ അഭിപ്രായം. മൂന്ന് ഘട്ടമായി നടക്കുന്ന ലൈഫ് മിഷനെ പറ്റി മനസ്സിലാക്കുന്നത് ജനസേവനത്തിനു ഉപകരിക്കും. ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിലെ ലൈഫ് പദ്ധതിയുടെ കണക്ക് മാത്രമേ താങ്കള്‍ പ്രതിപാദിച്ചുള്ളൂ എന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും. താങ്കളുടെ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ എംഎല്‍എ ആയ താങ്കള്‍ അറിയത്തതാവും എന്ന് എന്തായാലും കരുതുന്നില്ല. ഇനി അങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍, താങ്കളുടെ അറിവിലേക്കായി ഇതോടൊപ്പം താങ്കളുടെ മണ്ഡലത്തില്‍ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ തിരിച്ചും മിഷന്റെ കീഴില്‍ ഉള്ള ഏത് പദ്ധതി വഴിയാണെന്നും കണ്ടു വിലയിരുത്താം. ഗുണഭോക്താക്കളുടെ മേല്‍ വിലാസം അടക്കം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് താങ്കള്‍ക്ക് ഔദ്യോഗികമായി തന്നെ ലഭിക്കുമെല്ലോ, ഒത്തു നോക്കാവുന്നതാണ്.

സത്യ വിരുദ്ധമായ കാര്യം പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യം ഞങ്ങള്‍ക്ക് ഇല്ല. അങ്ങ് മന്ത്രിയായിരുന്ന അവസരത്തില്‍ 30-11-2015നു അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍ കൊടുത്ത മറുപടി പ്രകാരം 2013ല്‍ കേരളത്തില്‍ ആകെ 4,70,606 കുടുംബങ്ങള്‍ക്കാണ് വീടില്ലാത്തത് എന്ന് കണ്ടെത്തിയിരുന്നത്. ശ്രീമാന്‍ രമേശ് ചെന്നിത്തലയും ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചു അവകാശപെടുന്നത് നാലു ലക്ഷത്തി പതിനഞ്ചായിരം വീടുകള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പണിതു എന്നൊക്കെയാണ്. എന്നാല്‍ യുഡിഎഫ് ഭരണകാലത്തെ ഭവന പദ്ധതികളുടെ പുരോഗമനവും പണിതു കൈമാറിയ വീടുകളുടെ എണ്ണവും മുഖ്യമന്ത്രിയും ഗ്രാമവികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ അങ്ങും നിയമ സഭയില്‍ കൊടുത്ത കണക്കും ഇന്നും നിയമസഭാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ നിന്നും തന്നെ വ്യക്തമല്ലേ ആരാണ് നുണ പറയുന്നത് എന്ന്?

യുഡിഎഫിന്റെത് ഉള്‍പടെ ഒട്ടനവധി ജനപ്രധിനിധികള്‍ കൃത്യമായി ഇടപെട്ട് ഒരു ജനകീയ മുന്നേറ്റമായി ലൈഫ് മിഷന്‍ വിജയിപ്പിച്ചത് കൊണ്ടാണ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിഞ്ഞത്, ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരു ലക്ഷം കുടുബത്തിന് ഭവന സമുച്ചയം ഒരുക്കുന്നതും ഇച്ചാശക്തിയുള്ള ഒരു നേതൃത്വത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും ഫലമായാണ്.രാഷ്ട്രിയ ലാഭം നോക്കി അതിനു വിലങ്ങു തടിയായി നിക്കണോ വേണ്ടയോ എന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവെന്ന നിലയ്ക്ക് അങ്ങേക്ക് കൂടി തീരുമാനിക്കാം

Get real time updates directly on you device, subscribe now.