ചക്കരക്കല്‍: മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത രണ്ടുപേരെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. തലമുണ്ട ഫാത്തിമാസില്‍ പി. ഫൈസല്‍ (34), മാന്പ മുബാറക്ക് മന്‍സിലില്‍ എം.കെ. അനസ് (32) എന്നിവരെയാണ് ചക്കരക്കല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശ്, എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചക്കരക്കല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ആറു മാസത്തിനിടെ വിവിധ തവണകളിലായി മുക്കുപണ്ടങ്ങള്‍ പണയംവച്ച് പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച അര്‍ബന്‍ ബാങ്കിലെത്തിയ ഇരുവരും സ്വര്‍ണപ്പണയത്തില്‍ 1.25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണാഭരണ പരിശോധനയ്ക്കിടെ സംശയംതോന്നിയ അപ്രൈസര്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ചക്കരക്കല്‍ പോലീസിനെ അറിയിച്ചതനുസരിച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇവര്‍ നേരത്തെ സ്വര്ണാഭരണങ്ങളെന്നുപറഞ്ഞ് പണയം വച്ചവ മുക്കുപണ്ടമാണെന്നു വ്യക്തമാകുകയും ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ചെയ്തത്.