ന്യൂഡല്‍ഹി: വായ്പ പലിശനിരക്കുകള്‍ കുറച്ചുള്ള ആര്.ബി.ഐ പ്രഖ്യാപനം വന്നതിന് പിന്നാലെ രൂപയുടെ മൂല്യമുയര്‍ന്നു. 51 പൈസ നേട്ടത്തോടെ 74.64 രൂപയാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. 46 പൈസ നേട്ടത്തോടെയാണ് രൂപ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 75.15 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.
വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുമെന്നാണ് സൂചന. കോവിഡ് 19 വൈറസ് ബാധ യു.എസില്‍ വലിയ നാശം വിതക്കുന്നതാണ് ഡോളറിന് തിരിച്ചടിയാകുന്നത്.
അതേസമയം, ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 252 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇരു സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.