വായന പക്ഷാചരണം;  ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

0 1,601

വായന പക്ഷാചരണം;  ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പി.എന്‍. പണിക്കര്‍ അനുസ്മരണ വായന മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂണ്‍ 19 ന് വൈകീട്ട് 3 ന് ഓണ്‍ൈനായി നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയാകും.

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ ഓണ്‍ലൈനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. ഷാമിന്‍ സെബാസ്റ്റിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. മൂന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ കേന്ദ്രീകരിച്ച് ജൂണ്‍ 30 ന് പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, ജൂലൈ ഒന്നിന് പി. കേശവദേവ് അനുസ്മരണം, 5 ന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം എന്നിവ നടത്തും. എല്ലാ വായനശാലകളിലും പുസ്തക സംവാദം, വായനാശ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകളും വായനയും വിഷയത്തില്‍ വെബിനാര്‍ എന്നിവ നടത്തും. സമാപനത്തോടനുബന്ധിച്ച് ജൂലൈ 7 ന് ഐ.വി ദാസ് അനുസ്മരണവും വെബിനാറും നടത്തും. പക്ഷാചരണത്തോടനുബന്ധിച്ച് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലും വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ജില്ലാ കലക്ടര്‍ ചെയര്‍പെഴ്‌സണും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജന. കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ അര്‍ജുന്‍ പി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.