മാനന്തവാടി: സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന ഉല്ലാസ ഗണിതം പരിപാടിയുടെ മാനന്തവാടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ തല അധ്യാപക പരിശീലനം പൂര്‍ത്തിയായി. വീട്ടിലും വിദ്യാലയത്തിലും കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ ഗണിത പഠനം എളുപ്പമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം കളിച്ചു കൊണ്ടും ഈ പദ്ധതിയിലൂടെ ഗണിത പഠനം സാധ്യമാവും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. മാനന്തവാടി താലൂക്കിലെ മൂന്ന്, നാല് ക്ലാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും പദ്ധതി പരിശീലനം പൂര്‍ത്തിയായി. പരീശീലന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.