റെഡ് സോണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍ : റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ല എന്ന നിലയില്‍ കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ശനിയാഴ്ച്ച ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ് സോണ്‍ ജില്ലകളില്‍ മെയ് മൂന്നു വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് പൂര്‍ണമായി അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. അതിന്റെ ഗുണഫലം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൊറോണ ബാധയില്‍ നിന്ന് ജില്ലയ്ക്ക് മുക്തമാകാന്‍ സാധിക്കണമെങ്കില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. പരമാവധി സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഈ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണം. നിയന്ത്രണണങ്ങളുടെ ഭാഗമായി നേരിടേണ്ടിവരുന്ന അസൗകര്യങ്ങള്‍ നാടിന്റെ പൊതുവായ നന്മക്കും നമ്മുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണെന്ന് മനസിലാക്കി സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.