കുറ്റപത്രത്തിലെ പരാമർശം; നല്ലസർട്ടിഫിക്കറ്റ് മാറ്റിവെച്ച് നേരിടാൻ സർക്കാർ

0 424

കുറ്റപത്രത്തിലെ പരാമർശം; നല്ലസർട്ടിഫിക്കറ്റ് മാറ്റിവെച്ച് നേരിടാൻ സർക്കാർ

 

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം. ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഇ.ഡി. കുറ്റപത്രത്തിന്റെ ഭാഗമായതോടെ, അന്വേഷണത്തിൽ രാഷ്ട്രീയലക്ഷ്യമെന്ന വിമർശനം സർക്കാർ ഉയർത്താൻ സാധ്യത. അന്വേഷണം ശരിയായ ദിശയിലാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി മുമ്പ് നല്ലസർട്ടിഫിക്കറ്റ് നൽകിയിരുന്നു.സ്വപ്നയുടെ മൊഴി ഇഴകീറി പരിശോധിച്ചാൽ മുഖ്യമന്ത്രിയെ ആരോപണത്തിൽനിന്ന് സുരക്ഷിത അകലത്തിൽ നിർത്താമെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ. അവ ഇപ്രകാരമാണ്:

കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം എന്നതിൽ അപകടമില്ല. സ്പേസ് പാർക്കിലെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയാമെന്ന് ശിവശങ്കർ പറഞ്ഞതായാണ് സ്വപ്നയുടെ മൊഴി. ശിവശങ്കർ ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നതിന് സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശിവശങ്കറിനെ കണ്ടുവെന്നത് വ്യക്തിപരമായ ബന്ധത്തിനുള്ള കാരണമാകുന്നില്ല.

തന്റെ അറിവോടെയല്ല സ്വപ്നയുടെ നിയമനമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കുറ്റപത്രം വന്നതോടെ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തിറങ്ങിമുഖ്യമന്ത്രിയുടെ ഓഫീസിന് എതിരേയുയർന്നിരുന്ന ആരോപണം മുഖ്യമന്ത്രിയിലേക്ക് നേരിട്ട് വരുന്നുവെന്നതാണ് കുറ്റപത്രത്തിലൂടെ ഉണ്ടായ മാറ്റം. ‘‘താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?’’ ‘‘ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി’’ എന്നു തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏത് അന്വേഷണ ഏജൻസി വന്നാലും മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ഭരണമുന്നണിക്ക് ഒരു പരിധിവരെ ആത്മവിശ്വാസം പകർന്നതും ആ നിലപാടായിരുന്നു.

സോളാർ കേസുമായി സ്വർണക്കടത്ത് കേസിനെ താരതമ്യം ചെയ്യരുതെന്നാണ് സർക്കാരിന്റെ നിലപാടെങ്കിലും സോളാറിൽ സരിതയുടെ കത്തും മൊഴികളുമായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ കൈമുതൽ. പ്രതിയുടെ കത്തിനെക്കാൾ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് കുറച്ചുകൂടി ബലമുണ്ടുതാനും.