അടച്ചുപൂട്ടലിൽ റദ്ദാക്കിയ വിമാന ടിക്കറ്റിന്‍റെ തുക തിരികെ നല്‍കണം; ഡി.ജി.സി.എ തയ്യാറാക്കിയ സ്കീം സുപ്രീംകോടതി അംഗീകരിച്ചു
അടച്ചുപൂട്ടലിൽ റദ്ദാക്കിയ വിമാന ടിക്കറ്റിന്‍റെ തുക തിരികെ നല്‍കണം; ഡി.ജി.സി.എ തയ്യാറാക്കിയ സ്കീം സുപ്രീംകോടതി അംഗീകരിച്ചു
അടച്ചുപൂട്ടലിൽ റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കുന്നതിന് ഡി.ജി.സി.എ തയ്യാറാക്കിയ സ്കീം സുപ്രീംകോടതി അംഗീകരിച്ചു. മാര്‍ച്ച് 25നും മെയ് 24നും ഇടയിലെ യാത്രക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പകരം ടിക്കറ്റ് ലഭിക്കും.
ഈ അവസരം വിനിയോഗിക്കാത്തവർക്ക് മാര്‍ച്ച് 31ന് ശേഷം പലിശയോടെ ടിക്കറ്റ് തുക നല്‍കും. അടച്ചുപൂട്ടലിൽ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ തന്നെ റീഫണ്ട് അനുവദിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക അവര്‍ വഴിയേ ലഭിക്കൂ. ഡി.ജി.സി.എയുടെ സ്കീമിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.
വിമാനടിക്കറ്റിന്റെ തുക തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി ആയിരക്കണക്കിന് പ്രവാസികൾക്കും ആശ്വാസമാകും. ആദ്യഘട്ടത്തിൽ തുക നൽകുമെന്നറിയിച്ച വിമാനകമ്പനികൾ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നായിരുന്നു അവരുടെ നിലപാട്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിദേശ വിമാനങ്ങളുടെ കാര്യത്തിലും റീഫണ്ട് ബാധകമായിരിക്കും. ടിക്കറ്റ് എവിടെ നിന്ന് എടുത്താലും ഇക്കാര്യം ബാധകമാണെന്ന വിധിയും പ്രവാസികൾക്ക് ഗുണം ചെയ്യും.