മെയ് 15 വരെ സ്‌കൂളുകള്‍ അടച്ചിടണം, പൊതുപരിപാടികള്‍ക്ക് നിയന്ത്രണം വേണം-മന്ത്രിമാരുടെ സംഘം

0 774

ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും മത ചടങ്ങുകളടക്കമുള്ള പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രിമാരുടെ സംഘം ശുപാർശ ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം നിർദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.നിലവിൽ  പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 മുതൽ നാല് ആഴ്ചത്തേക്കെങ്കിലും ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകരുത്. മെയ് മധ്യത്തോടെ സ്കൂളുകൾക്കും കോളേജുകൾക്കും വേനൽക്കാല അവധി ആരംഭി ക്കുന്നതിനാൽ ജൂൺ അവസാനം വരെ ഇവ അടച്ചിടാമെന്നും സർക്കാർ കണക്കാക്കുന്നു.
കൊറോണവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഒരു മതസംഘടനകളുടേയും പ്രവർത്തനങ്ങൾക്ക് മെയ് 15 വരെ അനുമതി നൽകരുത്.