സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; സ്കൂളുകൾ സാധാരണ നിലയിലേക്ക്, 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ

0 843

ഞായറാഴ്ചകളിലെ ലോക് ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാൻ തീരുമാനമായത്.

ഞായറാഴ്ച നിയന്ത്രണങ്ങൾ പിൻവലിക്കുന്നതു കൂടാതെ സ്കൂളുകളെ മുഴുവൻ സമയം പ്രവർത്തനത്തിലേക്ക് മാറ്റും. ഈ മാസം 28-ാം തീയതി മുതൽ സംസ്ഥാനത്തെ സ്കൂൾ 50 ശതമാനം കുട്ടികളുമായി വൈകുന്നേരം വരെ പ്രവർത്തിക്കണമെന്നാണ് കോവിഡ് അവലോകനയോഗത്തിൽ ധാരണയായത്. സ്കൂളുകൾ സാധാരണനിലയിലേക്ക് മാറ്റുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ കൈക്കൊള്ളാൻ അവലോകന യോഗം വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശവും നൽകി.

കൂടാതെ പൊതു ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടാകും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും യോഗത്തിൽ തീരുമാനമായി. കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബാർ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകൾക്ക് ഉള്ളതെന്ന് ഹർജിക്കാർ ആരോപിച്ചു. മറുപടി ഉൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു.