മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ കേസിൽ വിധി പ്രഖ്യാപിക്കാൻ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി. മധ്യവേനൽ അവധിക്ക് കോടതി അടയ്ക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിർദേശ പ്രകാരമാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയെയും മറ്റ് 18 മന്ത്രിമാരെയും പ്രതിയാക്കി ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത കേസിലാണ് ലോകായുക്തയിൽ ഹരജി ഫയൽ ചെയ്തത്. 2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദമാരംഭിച്ച ഹരജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. പക്ഷേ ഒരു വർഷം പൂർത്തിയായിട്ടും പരാതിയിന്മേൽ വിധിയുണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരനായ ആർ.എസ് ശശികുമാർ മറ്റൊരു ഹരജി സമർപ്പിച്ചു. ഈ ഹരജിയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
വിധി വൈകരുതെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന് ലോകായുക്തയിൽ തന്നെ പരാതി നൽകാമെന്ന ഹൈക്കോടതി നിരീക്ഷണം പിൻ പറ്റിയാണിപ്പോൾ ലോകായുക്തയിൽ വീണ്ടും ഹരജിക്കാരൻ പരാതി നൽകിയിരിക്കുന്നത്