വാടക വീട്, കടകളില്‍ ചോക്ലേറ്റിന്‍റെയും മിഠായിയുടെയും വില്‍പ്പന; എല്ലാം മറ മാത്രം, പരിശോധനയില്‍ കണ്ടത്!

0 827

കോട്ടയം: സ്കൂള്‍, കോളജ് വിദ്യാർത്ഥികൾക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് പിടിയില്‍. കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ വാടകയ്ക്ക് എടുത്ത വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 1750 പായ്ക്കറ്റ് ഹാൻസും 108 പാക്കറ്റ് കൂള്‍ ലിപ്പും കണ്ടെടുത്തത്.

കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉത്പന്നങ്ങളും വില്‍പ്പന നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. കുറവിലങ്ങാട് എസ് എച്ച് ഒ നിർമ്മൽ ബോസ്, എസ് ഐ വിദ്യ വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, ഇടുക്കി ജില്ലയിൽ ലഹരി ഉപയോ​ഗവും വിൽപ്പനയും വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രണ്ടു മാസത്തിനിടെ ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 88 ലഹരി കേസുകളാണ്.

കഞ്ചാവ്, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയാണ് എക്സൈസ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ മാരക ലഹരിമരുന്നായ എം ഡി എം എയും എൽ എസ് ഡിയും അടക്കം ഉൾപ്പെടുന്നുണ്ട്. ലഹരി മരുന്ന് കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായിരിക്കുകയാണിന്ന്. സംസ്ഥാനത്താകെ ലഹരിക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കിയിലും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. എന്നാൽ അത്തരം തലങ്ങളിലേക്കൊന്നും അന്വേഷണം നീളുന്നില്ലെന്നതാണ് വസ്തുത. പരിശോധനകൾ ശക്തമാക്കിയതോടെ, അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്.