പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. വനിതാ ഐപിഎൽ നടക്കുന്ന വേദികളിലെല്ലാം ഐപിഎൽ മത്സരങ്ങളും ഉണ്ട്. ഫെബ്രുവരിയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ 26 വരെയാണ് ടി-20 ലോകകപ്പ്. ഇത് അവസാനിച്ചുകഴിഞ്ഞാവും വനിതാ പ്രീമിയർ ലീഗ്. (womens premier league march)
അഹ്മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ് സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക.