റേഷന് പുഴുവരിച്ച പച്ചരി; തിരിച്ചയച്ച അരി ഏറ്റെടുക്കാതെ എഫ്.സി.ഐ.

0 480
  • .

റേഷന് പുഴുവരിച്ച പച്ചരി; തിരിച്ചയച്ച അരി ഏറ്റെടുക്കാതെ എഫ്.സി.ഐ.

‌പാലക്കാട്: റേഷന്‍കടകളില്‍ വിതരണംചെയ്യാനെത്തിച്ച പച്ചരിയില്‍ പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചയച്ച അരി എഫ്.സി.ഐ. അധികൃതര്‍ ഏറ്റെടുത്തില്ല. ഗോഡൗണിനുവെളിയില്‍ ലോറിയില്‍ അഞ്ച് ലോഡ് അരി കെട്ടിക്കിടക്കുകയാണ്. പ്രതിഷേധവുമായി സപ്ലൈകോ അധികൃതരുമെത്തി.

ചിറ്റൂര്‍ താലൂക്കിലെ വിവിധഭാഗങ്ങളിലുള്ള റേഷന്‍കടകളില്‍ വിതരണംചെയ്യാന്‍ കൊഴിഞ്ഞാമ്ബാറയിലെ വിതരണകേന്ദ്രത്തിലേക്കെത്തിച്ച പച്ചരിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ബുധനാഴ്ച ലോഡിറക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് ലോറികളിലായി 10 ടണ്‍ അരിയാണ് ഇവിടെയെത്തിച്ചത്. സപ്ലൈകോ ഗുണനിലവാര പരിശോധനാ അധികൃതരെത്തി നടത്തിയ പരിശോധനയില്‍ അരി ഭക്ഷ്യയോഗ്യമല്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് ബുധനാഴ്ച പുതുപ്പരിയാരത്തെ എഫ്.സി.ഐ. ഗോഡൗണിലേക്ക് തിരിച്ചയച്ചത്. എന്നാല്‍, അരി ഏറ്റെടുക്കാന്‍ എഫ്.സി.ഐ. അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന്, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, സപ്ലൈകോ റീജണല്‍ മാനേജര്‍ യു. മോളി, എ.ആര്‍.എം. പി. സുരേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ഇതേത്തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്‌കുമാര്‍ കളക്ടറെ വിവരമറിയിച്ചെങ്കിലും അവിനാശിയിലെ വാഹനാപകടത്തെത്തുടര്‍ന്ന് കളക്ടര്‍ തിരക്കിലായിരുന്നു.

വ്യാഴാഴ്ച രാത്രി വൈകിയും അരി തിരിച്ചെടുക്കാത്തതിനാല്‍ താലൂക്കോഫീസ് പരിസരത്തേക്ക് ലോറികള്‍ മാറ്റിയിട്ടു. ലോറികള്‍ക്ക് കാവലേര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലോറികള്‍ മാറ്റിയിട്ടത്. തിരുവനന്തപുരം എഫ്.സി.ഐ. ഓഫീസിലും ഭക്ഷ്യവകുപ്പ് കമ്മിഷനും പാലക്കാട് സപ്ലൈ ഓഫീസര്‍ കെ. അജിത്‌കുമാര്‍ പരാതിനല്‍കി. കളക്ടറുടെ സാന്നിധ്യത്തില്‍ എഫ്.സി.ഐ. അധികൃതരുമായി ശനിയാഴ്ച ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.