വിളക്കോട് വടക്കിനിയില്ലം കോളനി നിവാസികൾക്ക് കുടിവെള്ളത്തിനായി അലയേണ്ടത് കിലോമീറ്ററുകൾ; കണ്ണ്തുറക്കാതെ അധികാരികൾ

0 2,180

അധികൃതരുടെ കെടുകാര്യസ്ഥത മൂലം മുഴക്കുന്ന് പഞ്ചായത്തിലെ
വിളക്കോട് വടക്കിനിയില്ലം കോളനി നിവാസികൾ കുടിവെള്ളത്തിനായി അലയുന്നത്
കിലോമീറ്ററുകൾ. കോളനിയിലെ കുടിവെള്ള പദ്ധതിയോട് ഉദ്യോഗസ്ഥ, ഭരണ വിഭാഗങ്ങൾ ഒരുപോലെ കണ്ണടച്ചതോടെ ജീവൻ പിടിച്ചു നിർത്തുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമായി കോളനിവാസികൾ ഒരു കിലോമീറ്ററോളം നടന്ന് സ്വകാര്യവ്യക്തിയുടെ ഇടത്തിലെ കിണറിനെയാണ് ആശ്രയിക്കുന്നത്.

വിളക്കോട് വടക്കിനിയില്ലം കോളനിയിൽ 26 വീടുകളുണ്ട്. പലകുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലധികം ആൾക്കാരും. കുടിവെള്ള പ്രശ്നം നേരിടാൻ കോളനിയേയും ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിൻ്റെ ബൃഹത്തായ ‘വടക്കിനി ഇല്ലം കുടിവെള്ള പദ്ധതി’ ഏർപ്പെടുത്തിയിരുന്നു. ഇതിനുവേണ്ടി വലിയ കിണറും, ടാങ്കും പൈപ്പുമടക്കമുള്ള സംവിധാനങ്ങളൊരുക്കി എല്ലാ വീടുകളിലേക്കും പൈപ്പിട്ട് കുടിവെള്ള വിതരണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മൂന്നു മാസത്തിലധികമായി ഇതും നിലച്ച മട്ടാണ്.

ലക്ഷങ്ങൾ മുടക്കിയാണ് ഈ കുടിവെള്ള പദ്ധതി ഒരുക്കിയിട്ടുള്ളത്. കുടിവെള്ള പദ്ധതിക്കായി ജനറൽ വിഭാഗത്തിൽ നിന്നും ഉപഭോക്തർ വിഹിതവും വാങ്ങിയിരുന്നു. കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി ഒരു വീട്ടിൽനിന്നും മാസത്തിൽ 100 രൂപയും നിശ്ചയിച്ചിരുന്നു. നൂറോളം വീടുകളിൽ ഇങ്ങനെയായിരുന്നു കുടിവെള്ളമെത്തിയിരുന്നത്. ഈ പദ്ധതിയിൽ നിന്നുമാണ് വിളക്കോട്, ചുള്ളിയോട്, ഉളിയിൽപടി മേഖലകളിൽ കുടിവെള്ള വിതരണം നടത്തിയിരുന്നത്.

വടക്കിനിഇല്ലം കോളനിക്ക് പുറമേ, കുംഭംചാൽ കോളനി, ചുള്ളിയോട് കോളനി ഉൾപ്പെടെയുള്ളമറ്റ് പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. എന്നാൽ ഇത്രയേറെ കുടിവെള്ള ക്ഷാമമുണ്ടായിട്ടും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് കുടിവെള്ളം എത്തിക്കുവാനുള്ള മറ്റ് സംവിധാനങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. മോട്ടോർ തകരാറിലായതാണ് ഇപ്പോൾ കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്നും നിരവധിപേർ മാസത്തിൽ നൽകാനുള്ള തുക നൽകാത്തത് പദ്ധതിയുടെ നടത്തിപ്പിന് തടസ്സമായി മാറിയിരിക്കുകയാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.