കരിപ്പൂര്‍ വഴി ചരക്കുനീക്കം പുനരാരംഭിച്ചു

0 341

വിവിധ എയര്‍ ലൈന്‍ കമ്പനികള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. പച്ചക്കറിയടക്കമുള്ള ചരക്കാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കരിപ്പൂര്‍ വിമാനത്താവളം വഴി അയക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ചരക്ക് നീക്കം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 22 മുതലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്. ചരക്ക് നീക്കവും ഇതോടെ തടസ്സപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സംസ്ഥാനത്തു നിന്നും കരിപ്പൂര്‍ വഴിയായിരുന്നു പ്രധാനമായും പഴവര്‍ഗങ്ങളും പച്ചക്കറിയും കയറ്റുമതി നടത്തിയിരുന്നത്. ഫ്ലൈ ദുബൈ പോലുള്ള കമ്പനികള്‍ ഇതിനകം യുഎഇയിലേക്കുള്ള ചരക്ക് നീക്കം പുനരാരംഭിച്ചു. ആഭ്യന്തര സര്‍വീസുകളും ചരക്ക് നീക്കം തുടങ്ങി. മുംബൈ, ചെന്നൈ നഗരങ്ങളിലേക്ക് ചരക്കുമായി സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്.

വരും ദിവസങ്ങളില്‍ വലിയ തോതില്‍ ചരക്ക് നീക്കം നടത്താനാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മരുന്ന് ഉള്‍പ്പെടെയുള്ളവയും അടുത്ത ദിവസങ്ങളില്‍ കയറ്റി അയക്കും. 2360 ടണ്‍ ചരക്കാണ് പ്രതിമാസം കരിപ്പൂരില്‍ നിന്നും വിമാനം വഴി അയച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്കായിരുന്നു. ലോക്ക് ഡൌണ്‍ കഴിയുന്നതു വരെ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ ഉണ്ടാവുകയില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്

Get real time updates directly on you device, subscribe now.