ഇരിട്ടി ടൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

0 1,102

ഇരിട്ടി ടൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

ഇരിട്ടി നഗരസഭയുടെ ആസ്ഥാനമായ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും. ടൗൺ ഉൾപ്പെടുന്ന നഗരസഭയിലെ ഒൻപതാം വാർഡിൽ വിദേശത്ത് നിന്നും എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹോട്ട് സ്പോട്ട് മേഖലയായി പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കമില്ല എന്ന് കരുതിയിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെയാണ് ഹോട്ട് സ്പോട്ടായുള്ള പ്രഖ്യാപനം വരുന്നത്. നഗരം സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇരിട്ടി വീണ്ടും ഹോട്ട് സ്പോട്ടായി മാറുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങളെയും പൊതു ഗതാഗതത്തെയും ബാധിക്കും. ഇതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്.
വെള്ളിയാഴ്ച ചേരുന്ന നഗരസഭ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. ഹോട്ട് സ്പോട്ട് മേഖലയിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും ഒരു വഴി മാത്രമേ ഉണ്ടാകൂ. അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നതാണ് പോലീസിന്റെ നിലപാട്.