പ്രവാസികളുടെ മടങ്ങി വരവ്: സുരക്ഷ ഉറപ്പാക്കാന്‍ ‘ലോക്ക് ദ ഹൗസ്’ പദ്ധതി
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ ‘ലോക്ക് ദ ഹൗസ്’ പദ്ധതിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തി തുടങ്ങിയത്. ഏഴാം തീയ്യതി മുതല്‍ വിദേശമലയാളികളും വന്നു തുടങ്ങും. പ്രവേശന പോയിന്റില്‍ പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയക്കും. മറ്റുള്ളവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഹോം ക്വാറന്റൈന്‍ പ്രായോഗികമല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യെമാരുക്കും. എന്നാല്‍ ഹോം ക്വാറന്റൈനില്‍ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ തീരുമാനം. ഇതിനാണ് ലോക്ക് ദ ഹൗസ് ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’എന്നായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ക്വാറന്റൈന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവും ഉണ്ടാകും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് പാളികളായുള്ള നിരീക്ഷണ സംവിധാനമാണ് ജില്ലയില്‍ നടപ്പിലാക്കുക. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാര്‍ഡ് തലത്തില്‍ ഈ പ്രവര്‍ത്തനത്തിന്റെ ചുമതല. അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം പാളിയായി പൊലീസിന്റെ നിരീക്ഷണം. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്റൈനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും.
യോഗത്തില്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. കോ ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസി. കലക്ടര്‍ ഹാരിസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.