അതിഥി തൊഴിലാളികളുടെ മടക്കയാത്ര, ജില്ലയില്‍ നടന്നത് കൂട്ടായ പ്രവര്‍ത്തനം; കലക്ടര്‍

0 427

അതിഥി തൊഴിലാളികളുടെ മടക്കയാത്ര, ജില്ലയില്‍ നടന്നത് കൂട്ടായ പ്രവര്‍ത്തനം; കലക്ടര്‍

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ നടന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് കലക്ടര്‍ ടി വി സുഭാഷ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ അതിഥി തൊഴിലാളികളുടെ പുനരധിവാസം വലിയ വെല്ലുവിളിയായിരുന്നു. നാല്‍പ്പതിനായിരത്തോളം തൊഴിലാളികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ കാര്യത്തില്‍ വളരെ മികച്ച രീതിയിലുള്ള ഇടപെടലായിരുന്നു ജില്ലാ ഭരണകൂടം നടത്തിയതെന്നും കലക്ടര്‍ പറഞ്ഞു. അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം വരുന്നവര്‍ക്കും ഭക്ഷണം, റേഷന്‍, ചിലയിടങ്ങളിലേക്ക് ടിവി എന്നിവ എത്തിച്ചു നല്‍കാന്‍ ആദ്യഘട്ടത്തില്‍ തന്നെ സാധിച്ചു.  അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തി. ചിലയാളുകള്‍ നാട്ടില്‍ പോവണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അതത് സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍, ബംഗാള്‍ എം പി മെഹ്വ മൊയ്ത്ര എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിനായി ഒരു വലിയ ടീമായാണ് പ്രവര്‍ത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, എ ഡി എം ഇ പി മേഴ്‌സി, സബ് കളക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കളക്ടറായിരുന്ന ഹാരിസ് റഷീദ്,  ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയറായിരുന്ന സുമ ബാലകൃഷ്ണന്‍, മറ്റ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, റവന്യു വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും  കലക്ടര്‍ പറഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് കെ എസ് ആര്‍ ടി സി സഹായിച്ചു. മറ്റ് ജില്ലകളിലും ചില അവസരങ്ങളില്‍ തൊഴിലാളികളെ കെ എസ് ആര്‍ ടി സി എത്തിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു അവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചു നല്‍കിയത്. ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ കാഴ്ച വെച്ചതെന്നും കലക്ടര്‍ പറഞ്ഞു.