ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പൊതുസ്ഥലങ്ങളിലും, പൊതു നിരത്തുകളിലും പൊങ്കാല ഇടാന്‍ അനുവദിക്കില്ല. വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്ര പരിസരത്ത് പൊങ്കാല പ്രമാണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തുന്നതിനുമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വീട്ടുവളപ്പുകളില്‍ ഇടുന്ന പൊങ്കാല റോഡിലേക്ക് വ്യാപിക്കുവാന്‍ അനുവദിക്കുന്നതല്ല. കൂടാതെ വീട്ടുടമസ്ഥന്‍ സ്വന്തം നിലയ്ക്ക് തന്നെ വീടുകളിലെ പൊങ്കാല വലിയ ആള്‍ക്കൂട്ടത്തിന് ഇടവരുത്താതെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് നിര്‍വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്.