സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം
കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചർച്ച ചെയ്യും. അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്നും പരിശോധിക്കും. (kerala covid meeting today)
സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതു കൂടെ കണക്കിലെടുത്താകും നിയന്ത്രണങ്ങളിലെ ആലോചന. കടുത്ത നിയന്ത്രണമുള്ള സി ക്യാറ്റഗറിയിലേക്ക് എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ വരാനുള്ള സാധ്യതയും നിലനിനിൽക്കുന്നു.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പരിശോധിക്കുന്ന രണ്ട് പേരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെയും നിരവധി പോസിറ്റീവ് കേസുകൾ ഉണ്ടാകുന്നതായാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.